Monday, September 25, 2023

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകൾ കുറഞ്ഞു

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ്. ഞായറാഴ്‌ച രേഖപ്പെടുത്തിയ 10,112 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7178 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം തിങ്കളാഴ്‌ച 65,683 ആയി കുറഞ്ഞു.

ശനിയാഴ്‌ച 12,193 ആയി ഉയർന്ന കോവിഡ് കേസുകൾ രണ്ടാം ദിവസവും കുറയുകയാണ്. മഹാരാഷ്ട്രയിൽ ഞായറാഴ്‌ച 545 ​​പുതിയ കൊറോണ വൈറസ് കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ ഡൽഹിയിൽ 948 പുതിയ കോവിഡ് അണുബാധകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി, ഇവിടെ പോസിറ്റീവ് നിരക്ക് 25.69 ആണ്.

ഉത്തർപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളോട് വെള്ളിയാഴ്‌ച കർശന നിരീക്ഷണം നടത്താനും, ആശങ്കയുള്ള ഏത് മേഖലയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.

കോവിഡ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഉത്തർപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം, കർണാടക, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ഏത് തലത്തിലുമുള്ള അലംഭാവത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു, പകർച്ചവ്യാധി തടയുന്നതിൽ ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങൾ ഇത് ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി.

Related Articles

Latest Articles