Tuesday, October 3, 2023

അമിത വണ്ണം എങ്ങനെ ആരോഗ്യകരമായി കുറയ്ക്കാം

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും അമിത വണ്ണവും അത് മൂലമുണ്ടാകുന്ന മറ്റു രോഗങ്ങളും തന്നെയാണെന്ന്. പ്രായഭേദമന്യേ ഒരു പത്തു പേരെ എടുത്താൽ പകുതിയിൽ കൂടുതലും അമിത വണ്ണം ഉള്ളവർ ആയിരിക്കും.

ഭാരം കുറയ്ക്കാൻ കുറുക്കുവഴിയൊന്നുമില്ല എന്ന യാഥാർത്ഥ്യം നാം ആദ്യം മനസ്സിലാക്കണം. ഭാരം കുറയ്ക്കും എന്ന ഉറച്ച തീരുമാനമെടുക്കുകയും അതിൽ ഉറച്ചുനിൽക്കാനും കഴിയുന്ന ഏതൊരാൾക്കും ഇതു സാധ്യമാണ്. എന്നാൽ പലരും പരാജയപ്പെട്ടു പോകുന്നതിൻ്റെ കാരണം സ്ഥിരോത്സാഹമോ നിശ്ചയദാർഢ്യമോ പ്രകടിപ്പിക്കാത്തതു കൊണ്ടാണ്.

ദീർഘനാൾ പിന്തുടർന്ന് പോകാൻ കഴിയുന്ന ആഹാരക്രമം തിരഞ്ഞെടുക്കുന്നതിലാണു കാര്യം. അപ്രകാരമൊരു രീതി തുടരുമ്പോൾ വളരെപ്പെട്ടെന്നു ഭാരം കുറയും എന്നു കരുതരുത്. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഒറ്റമൂലി തേടി പോകുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. അങ്ങനെ ചില രീതികൾ കണ്ടെത്തി പിന്തുടർന്നവരിൽ ഭക്ഷണക്രമം പൂർവ്വസ്ഥിതിയിലാകുമ്പോൾ കുറച്ചുനാളത്തേയ്ക്ക് അനുഭവപ്പെട്ട തൂക്കക്കുറവ് വളരെ വേഗം പൂർവ്വസ്ഥിതിയിലേയ്ക്ക് എത്തിച്ചേരുന്നതായും കാണാറുണ്ട്. അതിനാൽ ആഹാര രീതി വിവേകപൂർണമാക്കുന്നതാണു വിജയമുറപ്പിക്കുവാനുള്ള മാർഗം. ഭാരം കുറയ്ക്കുന്നതിന് കൃത്യമായുള്ള ഭക്ഷണക്രമവും വ്യായാമക്രമവും ഒരുമിച്ചു പോകേണ്ടതാണ്.

ശരീരത്തിലെത്തുന്ന ഊർജത്തിൽ എത്രത്തോളം ഉപയോഗിക്കപ്പെടാതിരിക്കുന്നുവോ അത്രയും ഊർജം കൊഴുപ്പിൻ്റെ രൂപത്തിൽ സംഭരിക്കുന്നു. കാർബോഹൈഡ്രേറ്റുകളും, മധുരവും,കൊഴുപ്പും കലർന്ന ഭക്ഷണമാണ് ശരീരത്തിൽ ഈ വിധത്തിൽ അധിക ഊർജം എത്തിക്കുന്നത്. അത് കൊണ്ട് തന്നെ വ്യായാമവും കൂടെ ചെയ്തില്ലെങ്കിൽ ഭാരം കുറയുന്നതിന് സമയം എടുക്കും.

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഊർജവും അതിൻ്റെ വിനിയോഗവും എപ്പോഴും സന്തുലിതമായിരിക്കണം. എന്നാൽ, ഭക്ഷണത്തിൻ്റെ അളവു വർധിക്കുകയും അതിനനുസരിച്ച് ശരീരം അനങ്ങിയുള്ള പ്രവൃത്തികൾ ചെയ്യാതിരിക്കുകയും ചെയ്താൽ ഊർജ വിനിയോഗം സാരമായി കുറയുകയും, തന്മൂലം അധികമുള്ള ഊർജം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. പൊണ്ണത്തടിയിലേക്ക് വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം ഇതാണ്.

എങ്ങനെയാകണം ഭക്ഷണരീതി ?

■ഭാരം കുറയ്ക്കാൻ ഒരു നേരത്തെ ആഹാരം ഒഴിവാക്കുക , അതുപോലെ തീരെ അളവു കുറയ്ക്കുക എന്നതൊക്കെ ഇന്ന് സാധാരണമാണ്. ഇത് തീർത്തും തെറ്റായ കാര്യം ആണെന്ന് പലർക്കും അറിഞ്ഞുകൂടാ. ഒരു നേരത്തെ ആഹാരം ഒഴിവാക്കിയാൽ ബാക്കി നേരം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ശരീരം പിന്നീട് ഉപയോഗിക്കുന്നതിന് കൊഴുപ്പ് ആയി സൂക്ഷിക്കുന്നു. ഇത് ഭാരം കൂടുന്നതിന് കാരണം ആയിത്തീരുന്നു.

■ ഏതു ഡയറ്റ് നോക്കിയാലും അത് സമീകൃതാഹാരരീതിയല്ലെങ്കിൽ പല പോഷകങ്ങളുടെയും അഭാവത്തിലേക്കും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിതെളിച്ചേക്കാം. ശരിയായ രീതി ഹെൽതി മീൽ പ്ലേറ്റ് എന്നതാണ്. അതായത് നമ്മുടെ പ്ലേറ്റിൻ്റെ പകുതിഭാഗവും നാരുകൾ അടങ്ങിയ പച്ചക്കറികളും നാലിൽ ഒരു ഭാഗം മാത്രം ധാന്യ ഭക്ഷണവും അടുത്ത നാലിലൊന്ന് പ്രോട്ടീൻ അടങ്ങിയ ആഹാരവും പിന്തുടരുന്നത് ആണ് ഏറ്റവും അഭികാമ്യം.

■ കൃത്യമായ ഇടവേളകളിൽ ആഹാരം കഴിക്കുകയും അത്താഴo കിടക്കുന്നതിന് കുറഞ്ഞത് മൂന്നു മണിക്കൂർ മുൻപേ കഴിച്ചു നിർത്തുന്നതും അമിത വണ്ണം വെക്കുന്നത് തടയുന്നു. രാത്രി വൈകി കഴിക്കുന്ന അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കൊഴുപ്പായി അടിഞ്ഞ് ഭാരം കൂടുന്നതോടൊപ്പം ഇന്ന് സർവ്വ സാധാരണമായ ഫാറ്റി ലിവറിനും കാരണമാകുന്നു.

■ ഭാരം കുറക്കാൻ നോക്കുമ്പോൾ എളുപ്പത്തിൽ ദഹിച്ചു രക്തത്തിൽ ഗ്ലക്കോസിൻ്റെ അളവ് കൂട്ടുന്ന പഞ്ചസാര, ശർക്കര തേൻ, മധുര പലഹാരങ്ങൾ ,തവിട് നീക്കം ചെയ്ത ധാന്യങ്ങൾ പ്രത്യേകിച്ച് മൈദ പോലുള്ളവയുടെ സ്ഥിരമായ ഉപയോഗം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് അമിത ഭാരത്തിനു കാരണമാകുന്നു.

■ വെള്ളം ധാരളമായി കുടിക്കുന്നത് (വെള്ളത്തിന് നിയന്ത്രണം നിർദ്ദേശിച്ചിട്ടില്ലാത്തവർ) വിശപ്പിനെ നിയന്ത്രിക്കാനും അതുപോലെ ദഹന പ്രക്രിയ വഴി വെള്ളം നാരുമായി ചേർന്ന് അധിക കൊഴുപ്പിനെ പുറത്ത് കളയാനും സഹായിക്കുന്നു.

■ നാരുകൾ കൂടുതൽ അടങ്ങിയ പച്ചക്കറികൾ പ്രധാന ഭക്ഷണത്തിൻ്റെ ഭാഗമാക്കുന്നത്, അന്നജം കൂടുതൽ അടങ്ങിയ ചോറ് പോലുള്ളവ കുറഞ്ഞ അളവിൽ എടുക്കുന്നതിനും ഒപ്പം നാരുകൾ അടങ്ങിയ ഭക്ഷണം ദഹിക്കാൻ സമയം എടുക്കുന്നത് മൂലം വീണ്ടും വിശക്കാൻ സമയം എടുക്കുകയും ചെയ്യും. അതിനാൽ ഈ രീതി ഏറ്റവും അഭികാമ്യം ആണ്.

■ നിങ്ങൾ പിന്തുടരുന്ന ഡയറ്റ് പ്ലാനിൽ ശരിയായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ശരീര കോശങ്ങൾക്ക് നാശം സംഭവിക്കാനും, പേശികൾ ദുർബലമാകുന്നത് വഴി ശരീരത്തിന് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നതിനും ഇടയാകുന്നു.

■ അതുപോലെ ഭാരം കുറക്കാൻ നോക്കുന്നവർ മധുരം കൂടുതൽ ഉളള ഏത്തപ്പഴം, മാമ്പഴം, ചക്കപ്പഴം, സപ്പോട്ട തുടങ്ങിയവ കഴിവതും കുറച്ചു, പകരം പേരക്ക,ആപ്പിൾ,ഓറഞ്ച്,റോബസ്റ്റ തുടങ്ങിയവ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

■ ദിവസേന ഒരു കൈപ്പിടി (6,7) എന്ന അളവിൽ ബദാം , അതുപോലെ ഒരു ടേബിൾ സ്പൂൺ ഫ്ലാക് സീഡ് ഇവ ഉൾപ്പെടുത്തുമ്പോൾ നമുക്കാവശ്യമായ നല്ല കൊഴുപ്പുകൾ സിങ്ക്,മഗ്നീഷ്യം പോലുള്ളവ ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്താം.

■ ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞ മില്ലറ്റ് അഥവാ ചെറു ധാന്യങ്ങൾ നമ്മുടെ പ്രധാന ഭക്ഷണം ആക്കുന്നത് ശരീര ഭാരം കുറക്കാൻ വളരെ സഹായിക്കും.
ശരീര ഭാരം അമിതമായതിന് ശേഷം കുറയ്ക്കാൻ ശ്രമിക്കുന്നതിനെക്കാൾ വരാതെ സൂക്ഷിക്കുന്നതാണു നല്ലത്. അതിന് ചിട്ടയായ ആഹാരക്രമവും ജീവിത ശൈലിയും ചെറുപ്പത്തിലേ തന്നെ രൂപപ്പെടുത്തുകയാണ് വേണ്ടത്.
ഭക്ഷണം ഒഴിവാക്കി അല്ല, ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചുകൊണ്ട് വേണം അമിത വണ്ണത്തെ നിയന്ത്രിക്കാൻ.

Vismaya News Live Tv

Latest Articles