Monday, September 25, 2023

വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം


ന്യൂഡല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ബെംഗളൂരുവിലെ ടെക്കികളായ ദമ്പതികമാരുടെ വിവാഹമോചന ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

വിവാഹജീവിതം നയിക്കാൻ ഇരുവര്‍ക്കും എവിടെയാണ് സമയമെന്ന് കോടതി ചോദിച്ചു. രണ്ടുപേരും ബെംഗളൂരുവില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ്. ഒരാള്‍ പകല്‍സമയത്തും മറ്റൊരാള്‍ രാത്രിയിലും ജോലി ചെയ്യുന്നു. വിവാഹമോചനനത്തിന് നിങ്ങള്‍ക്ക് ഒരു കുറ്റബോധവുമില്ല. മറിച്ച് വിവാഹിതരായത് വലിയ തെറ്റായി കണക്കാക്കുന്നു. വിവാഹബന്ധം തുടരാൻ ഒരു ശ്രമംകൂടി നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു.

എന്നാൽ, ഇരുവരും നിയമപ്രകാരം ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ദമ്പതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഭാര്യയ്ക്ക് 12.5 ലക്ഷം രൂപ ജീവനാംശമായി നൽകാനുള്ള കരാറിൽ എത്തിച്ചേരുകയും ചെയ്തു.

പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുന്നുവെന്ന് അറിയിച്ചിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് നിയമപ്രകാരം ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.

Related Articles

Latest Articles