Monday, September 25, 2023

കേരളത്തിനുമാത്രമായി മാറിനിൽക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


കൊച്ചി:
 ഭാരതം വികസനപാതയിൽ ബി.ജെ.പി.ക്കൊപ്പം മുന്നേറുമ്പോൾ കേരളത്തിനുമാത്രമായി മാറിനിൽക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘യുവം-2023’ യുവജനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മത, സമുദായ വേലിക്കെട്ടുകൾ മാറ്റിവെച്ച് ബി.ജെ.പി.യുടെ പാതയിലേക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഗോവയും വന്നുകഴിഞ്ഞു. കേരളത്തിലും ആ മാറ്റം വരുകയാണ്’’ -അദ്ദേഹം പറഞ്ഞു.

എന്തുചെയ്താലും നാട് മാറില്ലെന്നായിരുന്നു പണ്ടത്തെ ചിന്ത. ഇന്ന് ലോകത്തെ മാറ്റാൻ നമുക്കുകഴിയുമെന്ന നിലയിലെത്തിയിരിക്കുന്നു. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഒരുകാലത്ത് ഏറ്റവും ദുർബലമായ സമ്പദ്ഘടനയായിരുന്നു നമ്മുടേത്. ഇന്ന് ഏറ്റവുംവേഗത്തിൽ അത് കുതിക്കുകയാണ്. ചെറുപ്പക്കാരിലാണ് എന്റെ പ്രതീക്ഷ’’ -തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനിയിൽ നിറഞ്ഞ യുവസദസ്സിന്റെ കരഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

‘‘കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ കേരളസർക്കാർ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിൽ ശ്രദ്ധിക്കുന്നില്ല. തൊഴിൽമേളകൾ നടത്തുന്നില്ല. ഒഴിവുകൾ നികത്താനും ശ്രമിക്കുന്നില്ല.

പഴയതലമുറകൾകണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മുടെ ചെറുപ്പക്കാർക്ക് കഴിയും. ബി.ജെ.പി.യും യുവത്വവും ഒരേ വീക്ഷണമാണ് പങ്കുവെക്കുന്നത്. അത് വികസനത്തിന്റെയും സാധ്യതകളുടെയും ലോകമാണ്. നവഭാരതനിർമിതിക്കായുള്ള പ്രയത്നത്തിന്റെ 25 വർഷമാണ് മുന്നിലുള്ളത്’’ -അദ്ദേഹം പറഞ്ഞു.

‘‘മുമ്പ് സർക്കാരുകൾ അറിയപ്പെട്ടത് കുംഭകോണങ്ങളുടെ പേരിലാണ്. ബി.ജെ.പി. സാധ്യതകളുടെ വഴിതെളിച്ചു. അടിസ്ഥാനവികസനത്തിന്റെ സാധ്യതകളെക്കുറിച്ച് യുവാക്കൾക്ക് നന്നായറിയാം. ദേശീയപാതയിലും റെയിൽവേയിലും ജലഗതാഗതത്തിലും വികസനമുണ്ടായി.

നാളെ വന്ദേഭാരത് ഒാടിത്തുടങ്ങുകയാണ്. വിമാനത്താവളങ്ങളും വളരും. ഭാവിയിൽ പുതിയവ്യവസായവും ടൂറിസവും വരും. അതിനൊപ്പം തൊഴിലവസരങ്ങളും വരും’’ -പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിന്ദിപ്രസംഗം പരിഭാഷപ്പെടുത്തി.

സമ്മേളനത്തിനുമുമ്പ് എസ്.എച്ച്. കോളേജ് അങ്കണത്തിൽ ഇലഞ്ഞിത്തൈ നട്ടശേഷമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവഡേക്കറും സുരേഷ് ഗോപിയും യുവനിരയും അടങ്ങുന്നതായിരുന്നു വേദി. സംഗമത്തിനുശേഷം രാത്രി ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Related Articles

Latest Articles