Monday, September 25, 2023

ബ്രിജ് ഭൂഷനെതിരേ കേസെടുക്കാത്തതിൽ ഡല്‍ഹി പോലീസിന് സുപ്രീം കോടതി നോട്ടീസ് 


ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരായ വനിതാതാരങ്ങളുടെ ലൈംഗികചൂഷണം അടക്കമുള്ള പരാതികളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാത്തതില്‍ ഡല്‍ഹി പോലീസിന് നോട്ടീസയച്ച് സുപ്രീം കോടതി. ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ പരാതി നല്‍കിയിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

താരങ്ങള്‍ ലൈംഗികചൂഷണം അടക്കം പരാതി നല്‍കിയിട്ടും ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്ന് പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയത്. കേസ് ഏപ്രില്‍ 28-ന് കോടതി വീണ്ടും പരിഗണിക്കും.

ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം മുതല്‍ ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരത്തിലാണ്. ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്‌രംഗ് പൂനിയ, സാക്ഷി മല്ലിക്, കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് ഞായറാഴ്ച സമരം തുടങ്ങിയത്. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ചൂഷണ പരാതി അന്വേഷിച്ച മേല്‍നോട്ട സമിതിയുടെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും സമരം ചെയ്യുന്ന താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ബ്രിജ് ഭൂഷനെതിരായ പരാതി അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രൂപവത്കരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles