Monday, September 25, 2023

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്ത കാലത്തായി മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് രംഗത്തെത്തുന്നുണ്ട്. സിനിമ-സീരിയല്‍ പോലുള്ള കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നാണ് ചട്ടം. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുണ്ട് എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. മുന്‍കൂര്‍ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നുത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നും ഡി ജി പി പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അഭിനയിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് 2015 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നതാണ്.

അനുമതിക്കായി അപേക്ഷിച്ച ശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളും വര്‍ധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാല്‍ മാത്രമേ കലാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകാവൂ എന്നുമാണ് 2015 ലെ സര്‍ക്കുലറില്‍ ഉള്ളത്.

Related Articles

Latest Articles