ഇടുക്കി: കാടിറങ്ങിയെത്തി ഇടുക്കി ചിന്നക്കനാൽ പ്രദേശത്തെ വിറപ്പിച്ച അരിക്കൊമ്പനെ ശ്രമകരമായ ദൌത്യത്തിനൊടുവിലാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. മയക്കത്തിലായ ആനയെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കമെന്നാണ് സൂചന. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക.
അതിനിടെ ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പൊലീസ് സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ചാണ് അരിക്കൊമ്പനെ വനംവകുപ്പ് സംഘം മയക്കുവെടിവെച്ചത്. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. സജീകരിച്ച് നിർത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് കയറ്റുക.