Monday, September 25, 2023

ഛത്തീസ്‌ഗഡിലെ സുക്‌മയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡിലെ സുക്‌മയിൽ ഡിആർജി ജവാൻമാരും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഭേജി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദന്തേഷ്പുരം വനത്തിലാണ് നക്‌സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ജവാന്മാർ ഇപ്പോഴും സംഭവ സ്ഥലത്തുണ്ട്, അവർ വനത്തിൽ തിരച്ചിൽ നടത്തുകയാണ്.

“ഭേജി മേഖലയിൽ നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ട്” സുക്‌മ പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു. എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള എസ്ഒഎസ് കമാൻഡർ മഡ്കം എറ, മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള നക്‌സൽ നേതാവ് എറയുടെ ഭാര്യ പൊടിയം ഭീമ എന്നിവരെയാണ് ജവാൻമാർ വെടിവെച്ചുകൊന്നത്.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആയുധങ്ങളും വൻതോതിൽ ഐഇഡികളും ഓട്ടോമാറ്റിക് ആയുധങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വസ്‌തുക്കളും സുരക്ഷാ സേന കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്, എന്നാൽ അതേക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്‌താവന കാത്തിരിക്കുകയാണ്. ‘അരൻപൂർ’ ആക്രമണത്തിന് സമാനമായ സംഭവങ്ങൾക്ക് നക്‌സലുകൾ പദ്ധതിയിട്ടിരുന്നെങ്കിലും അവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

ഈ മാസം ആദ്യം, ബസ്‌തറിലെ ദന്തേവാഡ ജില്ലയിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും അവർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറും മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡയിലെ അരൻപൂരിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) സേന സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്‌റ്റുകൾ ഐഇഡി ആക്രമണം നടത്തുകയായിരുന്നു.

Related Articles

Latest Articles