കോൾ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളർ സേവനം ഇനിമുതൽ വാട്സാപ്പ് അടക്കമുള്ള ആപ്പുകളിലും ഉണ്ടാകുമെന്ന് റിപ്പോർട്ട്. നിലവിൽ ബീറ്റാ വേർഷനിലുള്ള ഈ ഫീച്ചർ മെയിൽ ഉപയോക്താക്കൾക്കായി പുറത്തിറക്കുമെന്ന് ട്രൂകോളർ ചീഫ് എക്‌സിക്യൂട്ടീവ് അലൻ മമേദി അറിയിച്ചു.
ഇന്റർനെറ്റ് വഴിയുള്ള സ്പാം കോളുകളിൽ നിന്ന് ഉപയോക്താക്കളെ സഹായിക്കാനാണ് പുതിയ നീക്കം എന്നാണ് വിവരം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ടെലി മാർക്കറ്റിങ് കോളുകളും മറ്റ് സ്പാം കോളുകളും കൂടി വരികയാണെന്നാണ് കണക്ക്. ട്രൂകോളറിന്റെ 2021 ലെ റിപ്പോർട്ട് പ്രകാരം ഒരു ഉപയോക്താവിന് പ്രതിമാസം ശരാശരി 17 സ്പാം കോളുകളെങ്കിലും രാജ്യത്ത് ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലും ഇത്തരം കോളുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തടയണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) സേവനദാതാക്കൾക്ക് നിർദേശം നൽകിയിരുന്നു . ജിയോ , എയർടെൽ തുടങ്ങിയ ടെലികോം സേവനദാതക്കളുമായി ചർച്ച നടത്തുകയാണെന്നും ഇവരുമായി സഹകരിച്ച് പുതിയ സേവനം ഫീച്ചർ നടപ്പാക്കുമെന്നും ട്രൂ കോളർ വ്യക്തമാക്കി.
