തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.
1,23,623 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതിൽ 96,940 പേർ എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചവരാണ്. രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടര മുതൽ വൈകീട്ട് അഞ്ച് വരെ പേപ്പർ രണ്ട് മാത്സ് പരീക്ഷയും നടക്കും.
ഫാർമസി പരീക്ഷ മാത്രം എഴുതുന്നവർ പേപ്പർ ഒന്ന് മാത്രവും എൻജിനീയറിങ് പരീക്ഷ എഴുതുന്നവർ പേപ്പർ ഒന്നും രണ്ടും പരീക്ഷകളാണ് എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും പരീക്ഷ ഹാളിലെത്തണം.
