Monday, September 25, 2023

സംസ്ഥാനത്ത് വന്യജീവികള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് വന്യജീവികള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതായി റിപ്പോർട്ട്. പാലപ്പിള്ളിയില്‍ കുണ്ടായിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങിയതായി റിപ്പോർട്ട്. തോട്ടം തൊഴിലാളിയായ കിളിയാമണ്ണില്‍ ഷഫീഖിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ചു. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പുലിയിറങ്ങി പശുക്കിടാവിനെ കൊന്നിരുന്നു.

ഇന്നലെ രാത്രിയോടെ ആണ് സംഭവം ഉണ്ടായത്. തൊഴുത്തില്‍ നിന്ന് പശുക്കളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് പോയതായി പറയുന്നു. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയുടെ കഴുത്തിലും കാലിലുമാണ് പുലി ആക്രമിച്ചത്. പശുക്കുട്ടിയുടെ കഴുത്തില്‍ പുലി പിടിച്ചതിന്റെ പാടുകള്‍ വ്യക്തമാണ്.

സമീപത്തെ കാട്ടില്‍ പുലിയുണ്ടെന്നും ഏതുനിമിഷവും പുലിയുടെ ആക്രമണം ഉണ്ടാകാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം പുലിയിറങ്ങി അയല്‍വാസിയായ അലീമയുടെ പശുക്കുട്ടിയെ കൊന്നിരുന്നു. രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീലയുടെ പശുക്കുട്ടിയെയും പുലി കൊന്നിരുന്നു. തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വനവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന പ്രദേശത്ത് തുടര്‍ച്ചയായി ഇറങ്ങുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Latest Articles