Monday, September 25, 2023

80 കോടി ക്ലബിൽ ഇടം പിടിച്ച് ആർ.ഡി.എക്സ്

ഓണക്കാലത്ത് എത്തിയ ആർഡിഎക്സ് ആ​ഗോള തലത്തിൽ 80 കോടി ക്ലബിൽ ഇടം പിടിച്ചു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ചിത്രമാണിത്. കേരളത്തിൽ നിന്ന് മാത്രം 50 കോടിയിലേറെയാണ് ചിത്രം നേടിയത്.

ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും ഫാമിലി ഡ്രാമയും കൂടി ഒത്തുചേരുന്ന ആർ ഡി എക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.

മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.

ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

Related Articles

Latest Articles