Monday, September 25, 2023

ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യുഎസ് കോടതി

സെർച്ച് എൻജിൻ ഗൂഗിളിന് ഭീമൻ തുക പിഴ ചുമത്തി യുഎസ് കോടതി. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതും ആയി ബന്ധപ്പെട്ട് നൽകിയ കേസിലാണ് കോടതിയുടെ ഇടപെടൽ. 93 ദശലക്ഷം ഡോളർ( ഏകദേശം 7000 കോടി രൂപ ) ആണ് ഗൂഗിളിന് കോടതി പിഴ ചുമത്തിയത്. ഉപയോക്താക്കൾ ലൊക്കേഷൻ ട്രാക്കിംഗ് ഓഫ് ചെയ്തു വെച്ചാലും ഗൂഗിൾ അതിന്റെ യൂസർമാരെ പിന്തുടരുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി.

കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റ നൽകിയ കേസിൽ യൂസർമാരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ലൊക്കേഷൻ വിവരങ്ങൾ ഗൂഗിൾ ചോർത്തുന്നതായും സമ്മതമില്ലാതെ അവരുടെ ഡാറ്റ ഉപയോഗിക്കുന്നതായും ലൊക്കേഷനുമായി ബന്ധപ്പെട്ടതും മറ്റ് സ്വകാര്യവിവരങ്ങളും എങ്ങനെ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിൽ യൂസർമാർക്ക് നിയന്ത്രണം ഉണ്ടെന്ന് പറഞ്ഞ് ഗൂഗിൾ പറ്റിക്കുകയാണ് എന്നും ആരോപിക്കുന്നു.

ഏറെനാൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് ഗൂഗിളിന് ഭീമൻ പിഴ യുഎസ് കോടതി ശിക്ഷയായി വിധിച്ചത്.  ലൊക്കേഷൻ ഹിസ്റ്ററി ക്രമീകരണം ഓഫാക്കിയാലും അവരെ പരസ്യത്തിലൂടെ ടാർഗറ്റ് ചെയ്യാനും അവർക്ക് താല്പര്യം ഇല്ലാത്ത പരസ്യങ്ങൾ തടയാനുള്ള ഓപ്ഷൻ നൽകി ആളുകളെ കബളിപ്പിക്കാനും കമ്പനിക്ക് കഴിയുന്നതായി അറ്റോണി ജനറൽ നൽകിയ പരാതിയിൽ പറയുന്നു.

പിഴ നൽകുന്നതിനും പുറമേ എങ്ങനെയാണ് ആളുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതെന്നും ശേഖരിക്കുന്ന ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകൾ ഗൂഗിൾ നടത്തണമെന്നും സ്വകാര്യതയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കുന്നതിന് മുൻപായി ഗൂഗിളിന്റെ ഇന്റേണൽ പ്രൈവസി വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം നേടണമെന്നും കോടതി നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles