നിപ പോസിറ്റീവായവരുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുളള 61 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം ഉള്‍പ്പെടുന്നു. രണ്ടാമതായി മരിച്ച ഹാരിസുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ആള്‍ക്കും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വരും. നിലവില്‍ 1233 പേരാണ് സമ്പര്‍ക്കപട്ടികയിലുളളത്. 27 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങളിലും ആശുപത്രികളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം സാമ്പിളുകൾ ശേഖരിക്കും.
ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ കേസുകൾ ഉണ്ടായില്ലെന്നത് ആരോഗ്യവകുപ്പിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടൽ. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കേന്ദ്ര ഗവൺമെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് വിശദമായ പഠനവും സാമ്പിൾ കലക്ഷനും നടത്തും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്ന് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.