Monday, September 25, 2023

ലോണ്‍ ആപ്പുകള്‍ക്ക് പിന്നില്‍ വിദേശികള്‍, പണം ക്രിപ്‌റ്റോകറന്‍സിയാക്കി പുറത്തേയ്ക്ക് കടത്തും; കെണിയില്‍ വീഴരുതെന്ന് പൊലീസ്

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് കേരള പൊലീസ്. അവരുടെ പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുകയാണ് വേണ്ടതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

‘അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാന്‍ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്‌നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും. ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനല്‍കുന്നു.

ഇത് പണം വായ്പയെടുത്ത ആള്‍ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്കു പിന്നില്‍ പലപ്പോഴും വിദേശികള്‍ ആയിരിക്കും. നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്‌റ്റോകറന്‍സി മുതലായ മാര്‍ഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാല്‍ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരവും ശ്രമകരവും ആണെന്നും കേരള പൊലീസ് പറയുന്നു.

Related Articles

Latest Articles