മുംബൈ: 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം അറിയിച്ച്. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി വേദിയിൽ പറഞ്ഞു.
‘ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ആവേശത്തിലാണ്. അത് 140 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമാണ്. ഐഒസിയുടെ പിന്തുണയോടെ ഈ സ്വപ്‌നം സഫലമാക്കണം. മെഡലുകൾ നേടുന്നതിന് മാത്രമല്ല, ഹൃദയങ്ങൾ ജയിക്കാനും സ്‌പോർട്ട്‌സ് മികച്ചൊരു മാർഗമാണ്. ഇത് ചാമ്പ്യനുകളെ വാർത്തെടുക്കുക മാത്രമല്ല, സമാധാനം വർധിപ്പിക്കുകയും ചെയ്യും’, മോദി പറഞ്ഞു.
അന്താരാഷ്‌ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനാണ് മുംബൈയിൽ തുടക്കമായത്. 40 വർഷത്തിന്റെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. വേദിയിൽ സംസാരിച്ച ഐഒസി പ്രതിനിധി തോമസ് ബാച്ച് ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു. ഒളിംപിക് കമ്മ്യൂണിറ്റി ഇന്ത്യയുടെ പ്രകടനത്തിൽ സന്തോഷിക്കുന്നതായും തോമസ് ബാച്ച് വ്യക്തമാക്കി.
