46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് സ്വന്തം. മഹാരാഷ്‌ട്രയെ പിന്തള്ളിയാണ് കേരളം ഫൈസ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റൂം ബുക്കിങ്ങുകൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം എന്ന റെക്കോർഡും കേരളത്തിനാണ്.
2023ലെ ആദ്യ 9 മാസം കൊണ്ട് 1.59 കോടി ആഭ്യന്തര ടൂറിസ്റ്റുകൾ ആണ് കേരളത്തിൽ എത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 25.88 ലക്ഷം പേരുടെ വർദ്ധനവാണ് ഉണ്ടായത്.
ലീഷർ യാത്രകളിലെ മുന്നേറ്റം മുന്നിൽക്കണ്ട് പുതിയ ഡെസ്റ്റിനേഷനുകൾ, നൂതന പദ്ധതികൾ എന്നിവ സാധ്യമാക്കുന്നതിനായി ടൂറിസത്തിന്റെ വിപുലീകരണമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത് എന്നും അതിനായി തിരുവനന്തപുരത്ത് ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും എന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇൻവെസ്റ്റേഴ്സ് മീറ്റിൽ ഒട്ടനവധി പുതിയ ആശയങ്ങൾ പ്രതീക്ഷിക്കുന്നതായും നിക്ഷേപക താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്കായി ഫെസിലിറ്റേഷൻ സംവിധാനം ഒരുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
