അടുത്ത വര്‍ഷവും അരി കയറ്റുമതി നിയന്ത്രണങ്ങള്‍ ഇന്ത്യ തുടരുമെന്നാണ് സൂചന. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അരി, ഗോതമ്പ് തുടങ്ങിയ പ്രധാന ധാന്യങ്ങളുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയും വലിയ ശേഖരവും കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ഏറ്റവും മികച്ച ധാന്യ കയറ്റുമതി രാജ്യമാകാന്‍ സഹായിച്ചു.
എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, ആഭ്യന്തര വിലക്കയറ്റം തടയുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആവര്‍ത്തിച്ച് കര്‍ശനമാക്കാനാണ് സാധ്യത. ഇന്ത്യ കയറ്റുമതി തീരുവ ഉയര്‍ത്തുകയും ബസ്മതി ഇതര വെള്ള അരിയുടെയും കുത്തരിയുടെയും കയറ്റുമതി തടയുകയും ചെയ്തു. ഇതോടെ അന്താരാഷ്‌ട്ര തലത്തില്‍ ഓഗസ്റ്റില്‍ അരിവില 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി.
ആഭ്യന്തര മാര്‍ക്കറ്റില്‍ ആവശ്യത്തിന് സപ്ലൈസ് ഉറപ്പാക്കാനും വിലക്കയറ്റം ഒഴിവാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ കയറ്റുമതിക്കാരെ പ്രതിനിധീകരിക്കുന്ന റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കയറ്റുമതി നിയന്ത്രണങ്ങള്‍ തുടരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, ഏഷ്യയിലുടനീളമുള്ള വിളകളെ നശിപ്പിക്കുന്ന എല്‍ നിനോയുടെ വരവ്, ആഗോള അരി വിപണിയില്‍ അരിവില കുത്തനെ കൂട്ടിയേക്കാം.
