നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടി തൃഷയ്‌ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെ തുടർന്നാണ് നടപടി. നടൻ മൻസൂർ അലിഖാനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായ ഖുശ്ബു സുന്ദർ അറിയിച്ചിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണ് എന്നാണ് കേസ് എടുത്ത വിവരം പങ്കുവെച്ചുകൊണ്ട് വനിതാ കമ്മീഷൻ പ്രതികരിച്ചത്. വിഷയം വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അംഗമായ ഖുശ്ബു പറഞ്ഞിരുന്നു.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിജയ് യും തൃഷയും ഒരുമിച്ചഭിനയിച്ച ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട മൻസൂർ അലി ഖാൻ തൃഷയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
തൃഷയാണ് ലിയോയിൽ നായിക എന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു എന്നും 350 ഓളം ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ നമ്മൾ ചെയ്യാത്ത തരം റേപ്പ് സീൻ ഉണ്ടോ എന്നും ചിത്രത്തിലെ വില്ലൻ വേഷം പോലും തനിക്ക് തന്നില്ല എന്നൊക്കെയാണ് നടൻ പറഞ്ഞത്.
മൻസൂർ അലിഖാനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് തൃഷ തന്നെ ആദ്യം രംഗത്ത് വന്നിരുന്നു. പിന്നീട് വ്യാപകമായ പ്രതിഷേധമാണ് മൻസൂർ അലി ഖാന്റെ പ്രസ്താവനയിൽ ഉണ്ടായത്. ഇനിയൊരിക്കലും അയാളുടെ കൂടെ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ തൃഷ യെ പിന്തുണച്ച് സംവിധായകൻ ലോഗേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി എന്നിവരൊക്കെയും രംഗത്തുവന്നു
