കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്താര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ഹമീദാണ് പിടിയിലായത്. മസ്‌കത്തില്‍ നിന്നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.
ലഗേജ് ഒന്നുമില്ലാതെയാണ് അബ്ദുല്‍ ഹമീദ് വിദേശത്ത് നിന്ന് എത്തിയത്. തുടര്‍ന്ന് ഗ്രീന്‍ ചാനലിലൂടെ പുറത്തിറങ്ങാനായി അസാധാരണ തിടുക്കം കാണിക്കുകയായിരുന്നു. ഇത് കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.
ഇതോടെ ഇയാളെ ദേഹ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. ധരിച്ചിരുന്ന പാന്റ്‌സിലും ടീഷര്‍ട്ടിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചായിരുന്നു അബ്ദുല്‍ ഹമീദ് സ്വര്‍ണം കൊണ്ടുവന്നത്. പിടികൂടി പരിശോധിച്ചപ്പോള്‍ മൂന്ന് കിലോയിലേറെ സ്വര്‍ണമുണ്ടായിരുന്നു ഇയാളുടെ കൈവശം.
