വൈറ്റമിന്‍ സിയുടെ കുറവ് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. നമുക്ക് ഉന്മേഷം പകരുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വൈറ്റമിന്‍ സി. ഇത് കുറയുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ സാദ്ധ്യതകള്‍, പ്രതിരോധശേഷി നഷ്ടപ്പെടല്‍, ഓര്‍മ്മക്കുറവ് തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാദ്ധ്യത ഇത് ഉയര്‍ത്തുന്നു.
വൈറ്റമിന്‍ സി കുറയുമ്പോള്‍ അത് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിന്റെ ഫലമായി പല അസുഖങ്ങളും അണുബാധകളും വന്നുകൊണ്ടിരിക്കാം. ചര്‍മ്മത്തിലെ കൊളാജെന്‍ എന്ന ഘടകത്തിന്റെ ഉത്പാദനത്തിന് വൈറ്റമിന്‍ സി ആവശ്യമാണ്. ഇത് കുറവാകുമ്പോള്‍ മുറിവുണങ്ങുന്നതിന് സമയമെടുക്കാം
ശരീരത്തില്‍ വിവിധ സന്ധികളിലും പേശികളിലും വേദന പതിവാകുന്നതും വൈറ്റമിന്‍ സി കുറവിന്റെ ലക്ഷണമാകാം. ചര്‍മ്മം വരണ്ടിരിക്കുന്നതും, സ്‌കിന്നില്‍ പലവിധ പ്രശ്‌നങ്ങളേല്‍ക്കുന്നതുമെല്ലാം വൈറ്റമിന്‍ സി കുറയുമ്പോള്‍ വരാം. മോണയില്‍ വീക്കവും മോണയില്‍ നിന്ന് രക്തം വരികയും ചെയ്യുന്നതും വൈറ്റമിന്‍ സി കുറവിന്റെ ലക്ഷണമാകാം. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അവിഭാജ്യഘടകമാണ് വൈറ്റമിന്‍ സി. അതിനാല്‍ ഇത് കുറയുമ്പോള്‍ മൂഡ് ഡിസോര്‍ഡര്‍ വരാം
വൈറ്റമിന്‍ സിയുടെ കുറവുമൂലം ഉണ്ടാകുന്ന പ്രധാന രോഗമാണ് സ്‌കര്‍വി. അമിതമായ ക്ഷീണം, മോണകളില്‍ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയല്‍, സന്ധിവേദന, ചര്‍മത്തിലെ ചുണങ്ങ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. നീണ്ടുനില്‍ക്കുന്ന വൈറ്റമിന്‍ സിയുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളില്‍ നിന്ന് അധികമായി ഹോര്‍മോണുകള്‍ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പര്‍തൈറോയിഡിസം എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
