കണ്ണൂര്‍ :നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ കൂട്ടായ്മയില്‍ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സര്‍ക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നു. അപവാദ പ്രചാരണങ്ങള്‍ക്കിറങ്ങിയവരുമുണ്ട്. ബഹിഷ്‌കരണാഹ്വാനം മുഴക്കിയ ചിലര്‍ ഉണ്ട്. ജനങ്ങള്‍ സ്വീകരിക്കാതിരിക്കാന്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങള്‍ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ, സര്‍ക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഞ്ചേശ്വരത്ത് തുടങ്ങിയത് മുതല്‍, ഇന്നലെ യാത്ര ഇരിക്കൂറില്‍ സമാപിക്കും വരെയുള്ള അനുഭവം നോക്കുക. ഒരു കേന്ദ്രത്തില്‍ പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങള്‍ കാത്തു നില്‍ക്കുകയാണ്, അഭിവാദ്യം ചെയ്യുകയാണ്. ജനങ്ങള്‍ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അത്തരക്കാര്‍ എങ്ങനെയെല്ലാം ഇതിനെ സംഘര്‍ഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലര്‍ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആള്‍ക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.
നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനകള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്. ഇത് ജനങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകര്‍ക്കാന്‍ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളില്‍ വീണുപോകാതിരിക്കാനും എല്‍ഡിഎഫ് ഗവണ്‍മെന്റിനെ സ്‌നേഹിക്കുന്ന എല്‍ഡിഎഫിനെപ്പം നില്‍ക്കുന്ന എല്ലാവരും ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് ”അശ്ളീല നാടകമാണ്”എന്ന് ആക്ഷേപിച്ചതും കെട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതില്‍ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങള്‍ ഒഴുകി വരുന്നത് തടയാന്‍ വേറെ മാര്‍ഗമില്ലാതായപ്പോള്‍ അതിനെ തടയാന്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ലഭിച്ച പരാതികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എന്ന് വാര്‍ത്ത നല്‍കി. ലഭിച്ച കത്തുകള്‍ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയില്‍ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും ക്യാമറയിലെടുത്ത്, വ്യാജ വാര്‍ത്ത നല്‍കുകയാണ്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. എന്തു ചെയ്യാം ഇത്തരം കുടിലബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങള്‍ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.
ഇന്നലെ നാലു മണ്ഡലങ്ങളില്‍ നിന്നുമായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂരില്‍ 2554 കല്യാശേരിയില്‍ 2468 തളിപ്പറമ്പില്‍ 2289 ഇരിക്കൂറില്‍ 2496. എല്ലാ ഭേദങ്ങള്‍ക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി വച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാര്‍ക്ക് സമീപിക്കാനാവാത്ത ഒന്നാണ് സര്‍ക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. അതിന്റെ മനോഹരമായ ആവിഷ്‌കാരമാണ് നവകേരള സദസ്സുകള്‍ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.
കര്‍ഷകരുടെയും തൊഴിലാളികളുടെയും ആശാ വര്‍ക്കര്‍മാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിവിധ മേഖലകളിലെ പ്രൊഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തില്‍ ഉണ്ടാകുന്നത്. ഓരോരുത്തര്‍ക്കും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ആവശ്യങ്ങള്‍ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നില്‍ ജനാധിപത്യത്തിന്റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയര്‍ത്തുകയാണ്. ഇന്നും നാളെയും കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലാണ് സദസ്സുകള്‍ ചേരുന്നത്. നാളെ തലശ്ശേരിയില്‍ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
