വിജയ് ചിത്രം ലിയോ ഒടിടി റിലീസിന് ഒരുങ്ങുന്നു. വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിച്ച ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സിനിമയുടെ പ്രഖ്യാപനത്തിന് മുമ്പ് യുഎസ് ഒടിടി കമ്പനി വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കിയിരുന്നു.
ലിയോ രണ്ട് വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ നവംബർ 24ന് ആഗോളതലത്തിൽ നവംബർ 28 എന്നീ തീയതികളിലായിട്ടാണ് ലിയോയുടെ ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കുക. ഇത് അറിയിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ട്രെയിലർ പുറത്ത് വിടുകയും ചെയ്തു.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ലിയോ ഒടിടിയിൽ സംപ്രേഷണം ചെയ്യുക. മാസ്റ്ററിന് ശേഷം വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പാര്‍ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയായിരുന്നു നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.
ഒക്ടോബർ19ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം 600 കോടിയിലധികം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം പ്രദർശനം തുടരുകയാണ്.
