ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തു വന്നു. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്. തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ എട്ട് പേര്‍ യുപിയില്‍ നിന്നുള്ളവരാണ്.
‘ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങള്‍ ദുഷ്‌കരമാകുകയാണ്,’ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളാണിത്. ഇന്നലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിനിധിയായ അരുണ്‍ കുമാറിനോട് തുരങ്കത്തിനുള്ളില്‍ നിന്ന് സംസാരിക്കവെയാണ് അഖിലേഷ് നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച അഖിലേഷ് എത്രയും വേഗം തങ്ങളെ പുറത്തെത്തിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടതില്ലെന്ന് പറയണമെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ രാം സുന്ദര്‍ പറഞ്ഞത്.
തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുടെ ശബ്ദശകലങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവച്ചതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
