വിജയ്-വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം ’ഗോട്ട്’ (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് ദളപതി ആരാധകർ ലിയോയ്ക്ക് ശേഷം കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശം നൽകുന്ന മറ്റൊരു വാർത്ത കൂടി വരികയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമായിരിക്കുന്നത് റെക്കോർഡ് തുകയ്ക്കാണ്. എന്നാൽ രണ്ട് തരത്തിലാണ് ഇതിനായുള്ള കരാർ ഒടിടി പങ്കാളികളുമായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഒടിടിയുമായുള്ള കരാറിൽ ലിയോ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മൾട്ടിപ്ലക്സ് ശൃംഖലകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ഗോട്ട് രണ്ട് രീതിയിൽ കരാറാക്കിയിരിക്കുന്നത്. അതായത്, ചിത്രത്തിന്റെ തമിഴ്, മലയാളം, തെലുങ്ക്, കന്നട വേർഷനുകൾ 125 കോടിക്കും ഹിന്ദി വേർഷൻ മാത്രം 25 കോടിക്കുമാണ് വിറ്റിരിക്കുന്നത് എന്നാണ് വിവരം. ഇതോടെ പുതിയ റെക്കോർഡ് ആയ 150 കോടി നേടി വിജയ് മറ്റൊരു സ്ഥാനം കൂടിയുറപ്പിച്ചിരിക്കുകയാണ്.