അടുക്കളത്തോട്ടത്തിലും മട്ടുപ്പാവ് കൃഷിയിടങ്ങളിലും തക്കാളി ഇന്ന് താരമാണ്. ആവശ്യമായ തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്നതേയുള്ളൂ. പൊതുവെ വെള്ളം കെട്ടിനിൽക്കാത്ത എല്ലാത്തരം മണ്ണിലും തക്കാളി വളർത്താം. കനത്ത മഴയും തുടർച്ചയായ അന്തരീക്ഷ ഈർപ്പവും തക്കാളി കൃഷിക്ക് അനുയോജ്യമല്ല. അതിനാൽ നമ്മുടെ നാട്ടിൽ സെപ്തംബർ–- – ഡിസംബർ, ജനുവരി–– മാർച്ച് കാലങ്ങളിലാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുയോജ്യം.
മികച്ച വിളവ് ലഭിക്കാൻ മണ്ണും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം അനുകൂലമാകണം. പൊതുവെ 20-–-25 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്‌ക്കും സമൃദ്ധമായ വിളവെടുപ്പിനും ഏറ്റവും അനുയോജ്യമായി കണ്ടിട്ടുള്ളത്. താപനില 35 ഡിഗ്രി സെൽഷ്യസിൽ കൂടിയാലും 15 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞാലും അത് ചെടിയുടെ വളർച്ചയേയും വിളവിനേയും പ്രതികൂലമായി ബാധിക്കും. മണ്ണിന്റെ അമ്ല -ക്ഷാരസൂചിക – 6 നും 6.5 നും ഇടയിലാകുന്നതാണ് ഉത്തമം. ആവശ്യത്തിനു കുമ്മായം ചേർത്ത് ഇത് ക്രമീകരിക്കാം.
ഇനങ്ങൾ
വർധിച്ച ഉൽപ്പാദന ശേഷിയുള്ളതും രോഗപ്രതിരോധശേഷിയുമുള്ള വിത്തിനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവ കേരള കാർഷിക സർവകലാശാല സ്ഥാപനങ്ങളിൽ ലഭിക്കും. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനു ലക്ഷ്മി, മനു പ്രഭ എന്നീ ഇനങ്ങൾ ബാക്ടീരിയൽ വാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങളാണ്. അർക്ക ആലോക്, അർക്ക ആബ, ബിഡബ്ല്യുആർ – 5 എന്നിവ ബംഗളൂരു ഐഐഎച്ച്ആറും , ഉത്കൽ പല്ലവി, ഉത്കൽ ദീപ്തി, ബിടി ഇനങ്ങൾ ഭുവനേശ്വർ ഒഡിഷ അഗ്രി യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത വാട്ട രോഗ പ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.
നടീൽ
വിത്ത് നഴ്സറികളിൽ അല്ലെങ്കിൽ പ്രോട്രേകളിൽ മുളപ്പിച്ച് തൈകളാക്കി അവയ്‌ക്ക് നാലാഴ്ച പ്രായമാകുമ്പോൾ പറിച്ചുനടാം. തൈകൾ മഴക്കാലത്താണെങ്കിൽ ചെറിയ ബണ്ടുകളിലും വേനൽക്കാലത്താണെങ്കിൽ അഴം കുറഞ്ഞ ചാലുകളിലും പറിച്ചുനടാം. പറിച്ചു നട്ട തൈകൾക്ക് നാല് –- അഞ്ച് ദിവസം തണൽ നൽകണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് തവാരണകളുണ്ടാക്കണം. തൈകൾ പറിച്ചുനടുന്നതിന് രണ്ടാഴ്ച മുമ്പേ ഒരു സ്ഥലത്തേക്ക് 2 കി.ഗ്രാം എന്ന തോതിൽ കുമ്മായം ചേർത്ത് കൊടുക്കാം. കാലി വളമോ കമ്പോസ്റ്റാ സെന്റിന് 100 കി.ഗ്രാം എന്ന തോതിൽ അടിവളമായി നൽകാം. അടിവളമായി ചേർക്കുന്ന കാലിവളത്തിൽ ട്രൈക്കോഡെർമയും പി ജി പി ആർ മിശ്രിതവും ചേർത്തിളക്കി 15 ദിവസം തണലത്ത് സൂക്ഷിച്ച ശേഷം പ്രയോഗിക്കാം. പറിച്ചുനടുന്നതിനു മുൻപ്, തൈകളുടെ വേര് രണ്ടു ശതമാനം സ്യൂഡോമോണസ് ലായനിയിൽ 20 മിനിറ്റ് മുക്കി വച്ചതിനു ശേഷം നടണം.
വളപ്രയോഗം
മേൽവളമായി 10 ദിവസത്തെ ഇടവേളകളിൽ താഴെ പറയുന്ന ഏതെങ്കിലും ഒരു ജൈവവളമോ, അല്ലെങ്കിൽ ലഭ്യമായവ മാറി മാറിയോ നൽകാം. ഒരു കിലോഗ്രാം ചാണകം 10 ലിറ്റർ വെള്ളത്തിൽ കലർത്തിയത്. (10 സെന്റിലേക്ക് 2 കിലോഗ്രാം ചാണകം ) മണ്ണിരക്കമ്പോസ്റ്റ് – (10 സെന്റിന് 40 കിലോഗ്രാം)പിണ്ണാക്ക് ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തിയത്.(10 സെന്റിന് 2 കിലോഗ്രാം).
