ദില്ലി: രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ ഏഴ് പേർക്ക് സസ്പെൻഷൻ. ഇവരെ തമിഴ്നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമായി. തില്ലുവിനെ സഹതടവുകാർ ആക്രമിച്ചപ്പോൾ വെറുതെ നോക്കിനിൽക്കുക മാത്രമാണ് ഈ പൊലീസുകാർ ചെയ്തതെന്നാണ് കണ്ടെത്തൽ. ദില്ലി ജയിൽ ഡിജിപി സഞ്ജയ് ബെനിവാൾ തമിഴ്നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.
ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകിയതായും തിഹാർ ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ‘അവരെ സസ്പെന്റ് ചെയ്യുകയും തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്’. തിഹാർ ജയിൽ വൃത്തങ്ങൾ അറിയിച്ചു. സസ്പെൻഷനിലായ ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്പർ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ജയിലിൽ സുരക്ഷാച്ചുമതല തമിഴ്നാട് സ്പെഷ്യൽ പൊലീസിന് കൂടിയാണ്.
ഈ സുരക്ഷാ ജീവനക്കാർക്ക് മുമ്പിൽ വച്ച് തില്ലു താജ്പുരിയക്ക് കുത്തേൽക്കുന്നത് സോഷ്യൽമീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുത്തേറ്റ ശേഷം ഇവർ തന്നെയാണ് അയാളെ എടുത്തുകൊണ്ടുപോയതും
