മുംബൈ: ഇന്ത്യയൊട്ടാകെ വൻ വിപ്ലവം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വൽ ഇന്ത്യന്‍ സിനിമ ലോകം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവർത്തകർ കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ടിരുന്നു. ഇനി വരുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഡിസംബർ ആദ്യ വാരം ആരംഭിച്ച സിനിമയുടെ ചിത്രീകരണം തുടരുന്നതിനിടെയാണ് വലിയൊരു അപ്ഡേറ്റ് വരുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയും മുന്നേ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോസ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോസിന്റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി നേരിട്ട് വേദിയിലും വന്നു.
വന്‍ തുകയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ കാന്താര ചാപ്റ്റര്‍ 1 എടുത്തത് എന്നാണ് വിവരം. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി വരിക. എന്നുവെച്ചാൽ, കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ്2, സലാര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ നിർമ്മിച്ച ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ തിയറ്ററില്‍ റിലീസ് ചെയ്ത ഈ കന്നഡ ചിത്രം പ്രേക്ഷകരെ ഒന്നാകെ കോരിത്തരിപ്പിച്ചു.