2023ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യു എസ് എയിലെ മൂന്നുപേർ പുരസ്കാരത്തിന് അർഹരായി. എം ഐ ടി യിലെ മൗഗി ജി ബാവെന്റി, കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ലൂയി ഇ ബ്രസ്, അലക്സി ഐ എക്കിമോവ് എന്നിവരാണ് പുരസ്കാരത്തിന് അർഹത നേടിയത്.
നാനോ ടെക്നോളജിയിലെ ക്വാണ്ടം ഡോട്ട്, നാനോ പാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടുത്തവും വികസനവും ആണ് മൂവരെയും നോബൽ പുരസ്കാരത്തിന് അർഹരാക്കിയത്. ഈ വർഷം മുതൽ നോബൽ പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുകയിൽ 10% വർദ്ധനവ് നോബൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്.
ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ 18 ക്യാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ജേതാക്കൾക്ക് സമ്മാനിക്കും. വൈദ്യശാസ്ത്രത്തിനുള്ള നോബേലും ഭൗതികശാസ്ത്ര നൊബേലും കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. നാളെയാണ് സാഹിത്യ നോബേൽ പ്രഖ്യാപിക്കുക.