സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാൽ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ വരുന്ന ചുളിവുകൾ നീക്കം ചെയ്യാനും റോസ് വാട്ടർ നല്ലതാണ്. ചർമ്മത്തിന്റെ റോസ് വാട്ടർ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ അധിക എണ്ണയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകൾ മാറ്റാനും റോസ് വാട്ടറിൽ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. കുറച്ച് റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായകമാണ്.
ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന വിയർപ്പിനേയും അഴുക്കിനേയും മാറ്റാനും റോസ് വാട്ടർ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടർ പുരട്ടുന്നതാണ് മികച്ച മാർഗം. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഇത് അകറ്റുന്നു.