മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിതയിലെ പത്തോളം ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.
എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയാണെന്ന് വനിതാ നേതാക്കൾ പറയുന്നു.
എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എംഎസ്എഫിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിയിരിക്കുന്നത്.
മുസ്ലിംലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ നേതാക്കൾ സമീപിച്ചിരിക്കുന്നത്.
You must be logged in to post a comment Login