ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ നിര്‍മാണ രംഗത്ത് ഏറെ മുന്നേറിയ ബ്രാന്‍ഡാണ് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്. ഗാലക്സി ഫോള്‍ഡ് ഫോണുകള്‍ ഇതിനകം വിപണിയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് മടക്കുള്ള ഫോള്‍ഡബിള്‍ ഫോണിനായുള്ള പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി.
പേറ്റന്റ് നേടിയ പുതിയ ഫോണിന് രണ്ട് വശങ്ങളിലേക്കായി തുറക്കാനാവും വിധമുള്ള ഫോള്‍ഡബിള്‍ സ്ക്രീനായിരിക്കും ഉണ്ടാവുക എന്നാണ് വിവരം. രണ്ട് ഹിഞ്ചുകളും മൂന്ന് ഭാഗങ്ങളുമായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് ലെറ്റ്സ് ഗോ ഡിജിറ്റല്‍ നല്കുന്ന വിവരം. ഇതില്‍ ഒരു ഭാഗം ഉള്ളിലേക്ക് മടക്കുമ്പോള്‍ മറുവശം പുറത്തോട്ട് മടക്കും വിധത്തിലായിരിക്കും. ഇങ്ങനെ ‘Z’ ആകൃതിയിലുള്ള മടക്കുകളായിരിക്കും ഫോണിനുണ്ടാവുക.
ഡ്യുവല്‍ ഫോള്‍ഡബിള്‍ ഫോണില്‍ എസ് പെന്‍ പിന്തുണയുണ്ടാവും. ഇതിന് എച്ച്ഡിഎംഐ പോര്‍ട്ട് ഉണ്ടാവുമെന്നും പേറ്റന്റ് രേഖകള്‍ വ്യക്തമാക്കുന്നു. ഈ ഫോണ്‍ എന്ന് പുറത്തിറക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.
ഡ്യുവല്‍ ഫോള്‍ഡ് ഫോണുകളുടെ വിവിധ ഡിസൈനുകള്‍ക്ക് കമ്പനി ഇതിന് മുമ്പ് പേറ്റന്റ് നല്‍കിയിട്ടുണ്ട്.
അതേസമയം ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ പുതിയ ഫോള്‍ഡ് 4 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാനാണ് സാംസങ് പദ്ധതിയിടുന്നത്. മെച്ചപ്പെട്ട അണ്ടര്‍ ഡിസ്പ്ലേ ക്യാമറകളോടുകൂടിയാവും ഇത് എത്തുക. നിലവിലുള്ള ഫോള്‍ഡബിള്‍ ഫോണിലേക്കാള്‍ മെച്ചപ്പെട്ട ക്യാമറയാണ് ഗാലക്സി സെഡ് ഫോള്‍ഡ് 4 ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ഫോണിന് ഭാരം കുറഞ്ഞ ഹിഞ്ച് ആയിരിക്കും ഉപയോഗിക്കുക. ഫോണിന്റെ വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്‍സും മെച്ചപ്പെടുത്തിയിട്ടുണ്ട്.
You must be logged in to post a comment Login