ന്യൂഡല്‍ഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മരാമത്ത് വകുപ്പ് നടത്തിയ നിർമാണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് കെ ടി ശങ്കരൻ. നിർമ്മാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബോർഡിന്‍റെ വിജിലൻസിന് അധികാരം നൽകണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പല കെട്ടിടങ്ങളും സുരക്ഷിതമല്ലാത്തതും മനുഷ്യവാസ യോഗ്യമല്ലാത്തതുമാണ്. ആർക്കും ഉത്തരവാദിത്തമില്ല. പൊതുപണം പാഴാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അറ്റകുറ്റപ്പണിയുടെ അഭാവവും നിർമ്മാണത്തിലെ അപാകതകളും കാരണം പല കെട്ടിടങ്ങളും സുരക്ഷിതമല്ല. ശുചീകരണത്തിനും പരിപാലനത്തിനും ദേവസ്വം ജീവനക്കാർ തയ്യാറല്ല. ശോചനീയാവസ്ഥ കാരണം ബോർഡിന്‍റെ കല്യാണമണ്ഡപവും സദ്യാലയവും വാടകയ്ക്കെടുക്കാൻ ഭക്തർ തയ്യാറല്ല. ഈ സാഹചര്യം മാറ്റണം.
ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനത്തിനും ഭസ്മത്തിനും ഗുണനിലവാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചന്ദനം യഥാർത്ഥ ചന്ദനമല്ല. മഞ്ഞൾ, രാമച്ചം, ചന്ദനം എന്നിവ പൊടിച്ച് പ്രസാദമായി നൽകുന്നത് ബോർഡ് പരിഗണിക്കണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഭസ്മവും, കൃത്രിമ ചന്ദനവും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. യഥാർത്ഥ ചന്ദനത്തിന് വില കൂടുതലായതിനാലാണ് ഗുണനിലവാരം കുറഞ്ഞ കൃത്രിമ ചന്ദനം ഉപയോഗിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
