Saturday, September 30, 2023

ഷക്കീല അതിഥി; ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കോഴിക്കോട് തടഞ്ഞു

കോഴിക്കോട്: കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ട്രെയിലർ ലോഞ്ച് നടി ഷക്കീല പങ്കെടുക്കുന്നതിനാൽ തടഞ്ഞു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ലോഞ്ച് ആണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് മാൾ അധികൃതർ പറഞ്ഞതായി ഒമർ ലുലു വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ മാസം ഇതേ മാളിൽ വച്ചാണ് രണ്ട് മലയാള നടിമാർക്ക് ദുരനുഭവമുണ്ടായത്.

“ചേച്ചിയാണ് അതിഥിയെന്ന് അറിഞ്ഞയുടൻ മാൾ അധികൃതരിൽ നിന്ന് ചെറിയ പ്രശ്നങ്ങൾ തുടങ്ങി. ഒടുവിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് നടക്കില്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾ മാത്രമാണെങ്കിൽ പരിപാടി നടത്താമെന്നും അവർ പറഞ്ഞു. പക്ഷേ, ചേച്ചിയെ വിളിച്ചുവരുത്തിയിട്ട് ഞങ്ങൾ മാത്രം പോകുന്നത് തെറ്റാണ്. അതിനാൽ പരിപാടി വേണ്ടെന്ന് വച്ചു. എന്‍റെ വാക്ക് വിശ്വസിച്ചാണ് ചേച്ചി ഇങ്ങോട്ട് വന്നത്. ഇപ്പോഴത്തെ സംഭവത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു” ഒമർ ലുലു പറഞ്ഞു.

അതേസമയം ഇത് തന്‍റെ ആദ്യ അനുഭവമല്ലെന്ന് ഷക്കീല പറഞ്ഞു. കാലാകാലങ്ങളായി അനുഭവിക്കുന്നുണ്ട്. കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ പലരും നിരവധി സന്ദേശങ്ങൾ അയച്ചിരുന്നു. പക്ഷേ, ഇപ്പോൾ ആരെയും കാണാനാകില്ല. ഇത് വളരെ സങ്കടകരമാണ്. നിങ്ങളാണ് ഈ പദവിയിലേക്ക് എത്തിച്ചത്. പിന്നെ എന്തുകൊണ്ടാണ് തന്നെ അംഗീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും ഷക്കീല പറഞ്ഞു.

Related Articles

Latest Articles