Saturday, September 30, 2023

ലോകകപ്പ് ആവേശത്തിൽ നേതാക്കളും; ബ്രസീൽ കപ്പടിക്കുമെന്ന് സതീശൻ

തിരുവനന്തപുരം: ലോകകപ്പ് ഖത്തറിലാണെങ്കിലും ഇവിടെ ആവേശത്തിന് ഒരു കുറവുമില്ല. ഫുട്ബോൾ സ്നേഹത്തിന്‍റെ കാര്യം വരുമ്പോൾ രാഷ്ട്രീയ നേതാക്കളും ഒട്ടും പിന്നിലല്ല. തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി പക്ഷം പിടിക്കുന്ന നേതാക്കളുടെ കമന്‍റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ബ്രസീൽ.. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം” പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബ്രസീലിയൻ ജേഴ്സി അണിഞ്ഞിരിക്കുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

ഇതിന് പിന്നാലെയാണ് ടി എൻ പ്രതാപന്‍റെ കമന്‍റ് വന്നത്. സുരേഷ് ഗോപി സ്റ്റൈലിൽ, ‘കപ്പ് അർജന്‍റീനയ്ക്കാണ്, സതീശ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അർജന്റീന” എന്ന് അദ്ദേഹം എഴുതി. നിമിഷങ്ങൾക്കകം സതീശൻ മറുപടി നൽകി. “ഇത് നമ്മുടെ രണ്ടു പേരുടെയും സുഹൃത്തായ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുകയാണെന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ” അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പോസ്റ്റുകൾക്കിടയിൽ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

Related Articles

Latest Articles