മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിൻ്റെ ചികിത്സ വൈകിയെന്ന പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രി വീണാ ജോർജിന് റിപ്പോർട്ട് നൽകി.റിപ്പോർട്ട് പ്രകാരം വയനാട് മെഡിക്കൽ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ.
കടുവയുടെ ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തസ്രാവവും ഉണ്ടായിരുന്നു. സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ തോമസിനെ പരിശോധിച്ചിരുന്നുവെന്നും സ്‌റ്റൈബിലൈസ് ചെയ്തതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അദ്ദേഹത്തോടൊപ്പം ഒരു സ്റ്റാഫ് നഴ്സും ഉണ്ടായിരുന്നു.
യാത്രാമധ്യേ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിലായി. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്നുണ്ടായ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ഡിഎംഇ റിപ്പോർട്ടിൽ പറയുന്നു.
