തിരുവനന്തപുരം: സ്വിഫ്റ്റിനായി 263 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാനൊരുങ്ങി കെ.എസ്.ആർ.ടി.സി. നഗര, ജില്ലാ തല സേവനങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് പുതിയവ വാങ്ങാൻ തീരുമാനിച്ചത്. ആദ്യ ബാച്ചിലെ പത്ത് ബസുകൾ കൂടി ഇനി ഇറങ്ങാനുണ്ട്.
രണ്ടാം ബാച്ചിലെ 113 ബസുകൾ നഗര ഉപയോഗത്തിന് സാധ്യമായ നീളം കുറഞ്ഞവയാണ്. ഇവ തിരുവനന്തപുരം നഗരത്തിൽ വിന്യസിക്കും. സിറ്റി ബസുകൾ പൂർണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. എസി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എസി ഒഴിവാക്കുന്നത് ബസിന് കൂടുതൽ മൈലേജ് കിട്ടുന്നതിന് സഹായിക്കും.
12 മീറ്റർ നീളമുള്ള 150 ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ജില്ലകളെ ബന്ധിപ്പിച്ച് ഇവ ഓടിക്കാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ ഫാസ്റ്റ് മുതല്‍ സൂപ്പര്‍ക്ലാസ് വരെയുള്ള സർവീസുകൾക്ക് ഇ-ബസുകൾ അനുയോജ്യമല്ലെന്നാണ് നിഗമനം. ചാർജ് ചെയ്യാൻ എടുക്കുന്ന സമയമാണ് പ്രധാന വെല്ലുവിളി.
