Tuesday, January 31, 2023

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പീഡനം; പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്ക് 100 വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. വിചാരണ നടപടികൾ കോടതി വേഗത്തിൽ പൂർത്തിയാക്കി.

പോക്സോ കേസുകളിൽ 100 വർഷം വരെ തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണ്. 2020ലാണ് പ്രതി ബിനു 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യവേനൽ അവധിക്ക് അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴാണ് പ്രദേശവാസിയായ ബിനു പെൺകുട്ടിയെ ആക്രമിച്ചത്. അമ്മയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ പെൺകുട്ടി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു.  വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. 

തുടർന്ന് പത്തനംതിട്ട വനിതാ സ്റ്റേഷൻ എസ്.എച്ച്.ഒ ലീലാമ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിന്‍റെ വിചാരണ വേളയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്രമായ വാദവും പ്രതി കോടതിയിൽ ഉന്നയിച്ചിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പോക്സോ വകുപ്പുകൾക്ക് പുറമേ ബലാത്സംഗം, ഗർഭിണിയാക്കൽ എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ചില വകുപ്പുകളിൽ ഒരുമിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരുന്നതിനാൽ പ്രതിക്ക് 80 വർഷം ജയിലിൽ കഴിയേണ്ടിവരും. ഇതുകൂടാതെ 2.5 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജേസൺ മാത്യൂസാണ് ഹാജരായത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles