Wednesday, March 22, 2023

13 വർഷത്തിന് ശേഷം ബാക്‌സ്ട്രീറ്റ് ബോയ്‌സ് ഇന്ത്യയിലെത്തുന്നു; മുംബൈയിലും ഡല്‍ഹിയിലും പാടും

ലോകത്തിലെ ഏറ്റവും ജനപ്രിയ മ്യൂസിക് ബാൻഡുകളിലൊന്നായ ബാക്ക് സ്ട്രീറ്റ് ബോയ്സ് 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വരുന്നു. ഡിഎൻഎ വേൾഡ് ടൂറിന്‍റെ ഭാഗമായി മെയ് മാസത്തിലാണ് ബാൻഡ് ഇന്ത്യയിൽ പരിപാടി നടത്തുക. മെയ് 4, 5 തീയതികളിൽ മുംബൈയിലെ ജിയോ വേൾഡ് ഗാർഡൻസ്, ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിപാടി.

2010ലാണ് ബാക്ക് സ്ട്രീറ്റ് ബോയ്സ് അവസാനമായി ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചത്. 1993 ൽ രൂപീകരിച്ച ഈ ബാൻഡ്, ഷോ മീ ദ മീനിങ്, ഷെയ്പ്പ് ഓഫ് മൈ ഹാർട്ട്, അസ് ലോംഗ് അസ് ലവ് മി തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ജനപ്രിയമായത്. നിക്ക് കാർട്ടർ, കെവിൻ റിച്ചാർഡ്സൺ, ബ്രയാൻ ലിട്രല്‍, എ.ജെ മക്‌ലീന്‍ എന്നിവരാണ് ബാൻഡിലെ ഗായകർ.

ഈജിപ്തിൽ നിന്ന് ആരംഭിക്കുന്ന ബാൻഡിന്‍റെ വേൾഡ് ടൂറിൽ യുഎസ്, യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കും. ടൂറിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ബാൻഡ് നേരത്തെ ഒരു ഡോക്യുമെന്‍ററി പുറത്തിറക്കിയിരുന്നു. ലോകമെമ്പാടുമുള്ള ബാൻഡിന്‍റെ ആരാധകർ വളരെ ആവേശത്തോടെയാണ് ഇതിനെ സ്വാഗതം ചെയ്തത്. ബാക്ക് സ്ട്രീറ്റ് ബോയ്സിന് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles