അഹ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ വിരാട് കോഹ്ലി പുറത്തായപ്പോള്‍ ഒരുലക്ഷത്തോളം കാണികളുണ്ടായിരുന്ന സ്റ്റേഡിയത്തിലെ നിശ്ശബ്ദത തങ്ങള്‍ ആസ്വദിച്ചതായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ 62 പന്തില്‍ 54 റണ്‍സെടുത്ത് നില്‍ക്കെ കമ്മിന്‍സിന്റെ ബോളിലാണ് കോഹ്ലി പുറത്തായത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന വിശേഷണമുള്ള അഹ്‌മദാബാദ് സ്റ്റേഡിയത്തില്‍ കോഹ്‌ലി പുറത്തായതോടെ കനത്ത നിശ്ശബ്ദതയായിരുന്നു. ‘വിരാട് കോഹ്ലി പുറത്തായതോടെ ഞങ്ങള്‍ കളത്തില്‍ ആ നിശ്ശബ്ദതയെ തിരിച്ചറിയാന്‍ മാത്രം അല്‍പനിമിഷങ്ങള്‍ ഒത്തുചേര്‍ന്നു. കോഹ്ലി പതിവുപോലെ വീണ്ടുമൊരു സെഞ്ച്വറി നേടുമെന്ന തോന്നലിലായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ ആ വിക്കറ്റ് ഏറെ സംതൃപ്തി നല്‍കുന്നതായിരുന്നു’ -കമ്മിന്‍സ് പറഞ്ഞു.
1.30 ലക്ഷം ആളുകളെ നിശ്ശബ്ദരാക്കാന്‍ കഴിയുന്നതിനേക്കാള്‍ വലിയ സംതൃപ്തിയില്ലെന്ന് ഫൈനലിന് മുമ്പ് കമ്മിന്‍സ് പ്രസ്താവിച്ചിരുന്നു. ‘കാണികള്‍ തീര്‍ച്ചയായും അങ്ങേയറ്റം ഏകപക്ഷീയമായിരിക്കുമെന്നുറപ്പാണ്. കളിയില്‍ വലിയൊരു ജനക്കൂട്ടത്തെ നിശ്ശബ്ദരാക്കാന്‍ കഴിയുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ല’ -ഫൈനല്‍ തലേന്ന് കമ്മിന്‍സ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
