തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.
ഈ ജില്ലകളില്‍ നാളെയും മഴ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയയുണ്ട്. കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പാലക്കാട് ഉഷ്ണതരംഗം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.