ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘സലാര്‍’. ഇപ്പോഴിതാ ‘സലാര്‍’ എന്ന സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. 2023 സെപ്തംബര്‍ 28ന് ആണ് ചിത്രം റിലീസ് ചെയ്യുക. സലാറിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. ‘കെജിഎഫ്’ എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ആണ് ‘സലാര്‍’ സംവിധാനം ചെയ്യുന്നത്. സലാറിന്റെ റിലീസ് പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായാരിക്കുകയാണ്.
പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. ‘ബാഹുബലി’ എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. ‘ബാഹുബലി’ പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന ‘സലാര്‍’ എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.
ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എന്തായാലും പ്രഭാസിന്റെ ‘സലാര്‍’ എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഭാസ് നായകനായി ‘ആദിപുരുഷ്’ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വൻ തുകയ്ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
You must be logged in to post a comment Login