അമേരിക്കന്‍ വാഹന ഭീമന്മാരായ ഫോഡ് ഇന്ത്യയില്‍ നിന്നും പിന്മാറുകയല്ല മറിച്ച് കുതിക്കാനായി പതുങ്ങുകയായിരുന്നുവെന്ന് വേണം കരുതാന്‍. ആറു മാസത്തിന് മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡ് ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ വൈദ്യുത കാര്‍ നിര്‍മാണം ആരംഭിക്കാനാണ് അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോഡിന്റെ ഏറ്റവും പുതിയ തീരുമാനം. പി.എല്‍.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കാന് തീരുമാനിച്ചതോടെയാണ് ഫോഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.
‘പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍ ഫോഡ് സമര്‍പ്പിച്ച അപേക്ഷക്ക് അനുമതി നല്കിയ ഇന്ത്യന്‍ സര്‍ക്കാറിന് നന്ദി അറിയിക്കുകയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു കാര്‍ നിര്‍മാണ പ്ലാന്റ് പുനരുദ്ധരിച്ച് വൈദ്യുതി കാറുകള്‍ നിര്‍മിച്ച് കയറ്റി അയക്കാനാണ് ഫോഡിന്റെ ശ്രമം’ എന്ന് ഫോഡ് ഇന്ത്യ വിശദീകരിക്കുന്നു. വാഹന നിര്‍മാതാക്കള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തില്‍ ഉല്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ (പി.എല്‍.ഐ) പദ്ധതി പ്രകാരം 26,058 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ വാഹന നിര്‍മാണം പുനരാരംഭിക്കാന്‍ ഫോഡ് തീരുമാനിച്ചെങ്കിലും ഏതെല്ലാം മോഡലുകളായിരിക്കും ഇന്ത്യയില്‍ നിര്മിക്കുകയെന്നോ ഏതു പ്ലാന്റിലാകും നിര്മിക്കുകയെന്നോ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇവ ലഭ്യമാകുമോ എന്നതിനെക്കുറിച്ചോ കമ്പനി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോര്‍ഡിന്റെ ഇന്ത്യയിലെ നിലവിലുള്ള രണ്ട് കാര്‍ നിര്‍മാണ ഫാക്ടറികളിലും ഇന്റേണല്‍ കംബസ്റ്റണ്‍ എൻജിന്(ICE) മോഡല്‍ വാഹനങ്ങളാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതി വാഹന നിര്‍മാണത്തിന് തിരഞ്ഞെടുക്കുന്ന ഫാക്ടറിയിലെ ഉപകരണങ്ങളും മറ്റും ഏതാണ്ട് പൂര്‍ണമായി തന്നെ മാറേണ്ടി വരും.
You must be logged in to post a comment Login