സാംസങ് ഗാലക്സി എം സീരീസിന് കീഴിലുള്ള ബജറ്റ് സ്മാർട് ഫോൺ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. 5,000 എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ഫുൾഎച്ച്ഡി+ ഡിസ്പ്ലേ തുടങ്ങി ഫീച്ചറുകളുമായാണ് പുതിയ സാംസങ് ഗാലക്സി എം13 വരുന്നത്. ഇതിൽ കമ്പനിയുടെ തന്നെ എക്സിനോസ് ചിപ്സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
പുതുതായി ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എം13 ൽ ഫുൾ എച്ച്ഡി+ റെസലൂഷനുള്ള 6.6 ഇഞ്ച് ഡിസ്പ്ലേ ആണ്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഈ ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാനുള്ളത്. പിൻ ക്യാമറ സജ്ജീകരണത്തിൽ എഫ്/18 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്നു. എഫ്/2.2 അപ്പേർച്ചറുള്ള 5-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസറും എഫ്/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത്, എഫ്/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫിക്സഡ്-ഫോക്കസ് ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
4 ജിബി റാമും 128 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്ന എക്സിനോസ് 850 ആണ് പ്രോസസർ. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്.
സാംസങ് ഗാലക്സി എം13 ൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. സാംസങ്ങിന്റെ നോക്സ് മൊബൈൽ സെക്യൂരിറ്റി പ്ലാറ്റ്ഫോമിലാണ് ഈ ഉപകരണം വരുന്നത്. 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി എന്നിവ പിന്തുണയ്ക്കുന്നു. ഗാലക്സി എം13 സ്മാർട് ഫോണിന്റെ ഔദ്യോഗിക വില സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡീപ് ഗ്രീൻ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കോപ്പർ എന്നിവയുൾപ്പെടെ മൂന്ന് നിറങ്ങളിൽ ഹാൻഡ്സെറ്റ് വിൽപനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്.
You must be logged in to post a comment Login