മെൽബൺ: ട്വന്റി ലോകപ്പ് ഫൈനലിൽ കിരീടം കൈവിട്ടത് ഷഹീൻ അഫ്രീദിയുടെ പരുക്കിലാണെന്ന് ബാബർ അസം. ഇംഗ്ലണ്ടുമായുള്ള കലാശപ്പോരാട്ടത്തിൽ സ്വതന്ത്രമായും സ്വാഭാവികമായും കളിക്കാനാണ് ടീമംഗങ്ങളോട് പറഞ്ഞതെന്നും ഫാസ്റ്റ് ബോളർമാർ മികച്ച പ്രകടനം കാഴ്ച്ച വെച്ചെന്നും മത്സരശേഷം പാക് ക്യാപ്ടൻ പ്രതികരിച്ചു. ഞങ്ങൾ 20 റൺസ് പിന്നിലായിപ്പോയി. പക്ഷെ, അവസാന ഓവർ വരെ ഞങ്ങൾ അവിശ്വസനീയമായി പൊരുതി. ഞങ്ങളുടെ ബോളിങ് ഏറ്റവും മികച്ചതാണ്.പക്ഷെ, ദൗർഭാഗ്യകരമെന്ന് പറയട്ടെ ഷഹീന്റെ പരുക്ക് ഞങ്ങൾക്ക് മറ്റൊരു റിസൽറ്റാണ് നൽകിയത്. പക്ഷെ, കളിയുടെ ഭാഗമാണ് അതൊക്കെ,’ ബാബർ അസം പറഞ്ഞു.ഷബാദ് ഖാന്റെ പന്തിൽ ഹാരി ബ്രൂക്കിനെ ക്യാച്ചെടുത്ത് പുറത്താക്കുന്നതിനിടെയാണ് പാക് പേസർക്ക് പരുക്കേറ്റത്. പതിമൂന്നാം ഓവറിലായിരുന്നു ഇത്. 16-ാം ഓവർ എറിയാനെത്തിയ ഷഹീൻ ഒരു ബോൾ മാത്രമെറിഞ്ഞ ശേഷം മൈതാനത്ത് കിടന്നു. പന്തെറിയുന്നതിനിടെ ഷഹീൻ അഫ്രീദി പരുക്കേറ്റ് പുറത്തായത് പാകിസ്താന് അപ്രതീക്ഷിത തിരിച്ചടിയായി.രണ്ട് ഓവറും ഒരു ബോളും മാത്രമാണ് അഫ്രീദിക്ക് എറിയാനായത്. 13 റൺസ് വിട്ടുകൊടുത്ത് അഫ്രീദി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അലക്‌സ് ഹെയ്‌ലിന്റെ മിഡിൽ സ്റ്റംപ് ഇളക്കി ഷഹീൻ മികച്ച തുടക്കം പാക് ബോളിങ്ങിന് നൽകിയിരുന്നു. ഇഫ്തിക്കർ അഹമ്മദാണ് 16-ാം ഓവർ പൂർത്തിയാക്കിയത്. ഷഹീൻ ബാക്കി വെച്ച അഞ്ച് പന്തിൽ 13 റൺസ് ഇഫ്തിക്കർ അഹമ്മദ് വഴങ്ങുകയും ചെയ്തു.
ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ഗതി മാറ്റിയത് ഷഹീൻ അഫ്രീദിയുടെ പരുക്കാണെന്ന് കളി നിരീക്ഷകരും വിലയിരുത്തുന്നു.
