കുഴിത്തുറ: മാർത്താണ്ഡത്ത് സ്ത്രീയെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ച മൂന്ന് ഓട്ടോ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. മേൽപ്പുറം ജങ്ഷൻ ഓട്ടോ സ്റ്റാൻഡിലെ വിനോദ്, ശശി, വിജയ്കാന്ത് എന്നിവരെയാണ് അരുമന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ തിരയുന്നു. മേൽപ്പുറം സ്വദേശിയായ 35 കാരി സ്വകാര്യസ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുംവഴി ഓട്ടോ ഡ്രൈവർമാർ അധിക്ഷേപിക്കുന്നത് പതിവായിരുന്നു.
ഇതിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ അവരെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നതു കണ്ട അരുമന പൊലീസ് സ്ഥലത്തെത്തി. തുടർന്നാണ് നടപടികൾ സ്വീകരിച്ചത്.