Monday, September 25, 2023

ആറ്റിങ്ങൽ ടി.ബി. ജങ്ഷനിലെ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും നശിക്കുന്നു


ആറ്റിങ്ങൽ
 : നഗരസഭയുടെ നിയന്ത്രണത്തിൽ ടി.ബി. ജങ്ഷനിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയവും കുട്ടികളുടെ പാർക്കും നശിക്കുന്നു. എം.പി. ഫണ്ടിൽനിന്നു പത്തുലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഓഡിറ്റോറിയം. നഗരസഭാ ഫണ്ടുപയോഗിച്ചാണ് കുട്ടികളുടെ പാർക്ക് സജ്ജമാക്കിയത്. രണ്ടും ഉപയോഗക്ഷമമല്ലാതായിട്ട് വർഷങ്ങളായി.

ദേശീയപാതയോടു ചേർന്നുള്ള പകുതിയിലധികം സ്ഥലമെടുത്താണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിച്ചത്. തെക്കുഭാഗത്ത് ഏതാനും കളിക്കോപ്പുകൾ സ്ഥാപിച്ച് കുട്ടികളുടെ പാർക്കും നിലനിർത്തി. ഇവയ്ക്കു രണ്ടിനുമിടയ്ക്ക് അല്പകാലം ഒരു കോഫിബാർ പ്രവർത്തിച്ചെങ്കിലും പിന്നീടത് നിലച്ചു. പിന്നീട് കെട്ടിടം ഹോട്ടൽ നടത്താനായി നഗരസഭ വാടകയ്ക്കു നല്കി. നഗരത്തിലെ പൊതുപരിപാടികൾക്കുള്ള സ്ഥിരംവേദിയെന്ന നിലയിലാണ് ടി.ബി. ജങ്ഷനിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിച്ചത്. ദേശീയപാതയോരത്ത് നടക്കുന്ന യോഗങ്ങളും പൊതുപരിപാടികളും ഇവിടേക്ക്‌ മാറ്റിയാൽ നഗരസഭയ്ക്ക്‌ വരുമാനവുമാകും. പൊതുയോഗം നിമിത്തമുണ്ടാകുന്ന ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരവുമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു നിർമാണം. എന്നാൽ വിരലിലെണ്ണാവുന്ന പരിപാടികൾ മാത്രമാണ് ഇവിടെ നടന്നത്. യോഗങ്ങളെല്ലാം വീണ്ടും കച്ചേരിനടയിൽത്തന്നെ നടന്നുവരുന്നു. അതിനു നിയന്ത്രണമേർപ്പെടുത്താൻ നഗരസഭയോ പോലീസോ ശ്രമിച്ചില്ല. ഇതോടെയാണ് ഓപ്പൺ എയർ ഓഡിറ്റോറിയം ലക്ഷ്യം കാണാതെപോയത്.

റോഡ് നിർമാണത്തിനായി പാർക്ക് അടച്ചതോടെയാണ് ഇവിടെ കുട്ടികളുടെ വരവു നിലച്ചത്. വർഷങ്ങളായി ഉപയോഗിക്കാത്തതു നിമിത്തം ഉപകരണങ്ങളെല്ലാം കേടായി. നാലുവരിപ്പാതയുടെ നിർമാണത്തിനായി പാർക്കിന്റെ ഭൂമി ഏറ്റെടുത്തിരുന്നു. മതിലും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഗാലറിയും ഇതിനായി പൊളിച്ചു.

മതിൽ പുനർനിർമിച്ചെങ്കിലും ഗാലറിയുടെ പുനർനിർമാണം നടത്തിയില്ല. കുട്ടികളുടെ പാർക്കിൽ പൊളിച്ചെടുത്ത സാധനങ്ങൾ കൂട്ടിയിട്ടിട്ടുമുണ്ട്.

ഓഡിറ്റോറിയത്തിന്റെ നവീകരണം അടിയന്തരമായി നടത്തണമെന്നും പൊതുപരിപാടികൾ റോഡിൽ സംഘടിപ്പിക്കുന്നത് തടയണമെന്നുമുള്ള ആവശ്യം ഏറെക്കാലമായി നഗരവാസികളും യാത്രക്കാരും ഉന്നയിക്കുന്നു.

Related Articles

Latest Articles