Monday, September 25, 2023

കേരള സ്റ്റോറിയെ എതിര്‍ക്കുന്നവർ തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവര്‍-സ്മൃതി ഇറാനി


വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബംഗാളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

ഈ സിനിമയെ എതിര്‍ക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദ സംഘടനകള്‍ക്കൊപ്പം നില്‍ക്കുകയാണെന്നാണ് എന്റെ വിശ്വാസം. യുവതികളെ തീവ്രവാദ സംഘടനകളുടെ വരുതിയിലാക്കാനായി അവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതാണ് ഈ സിനിമ ചര്‍ച്ചചെയ്യുന്നത്. രാജ്യത്തെ പൗരന്മാരെ സിനിമ കാണുന്നതില്‍ നിന്ന് വിലക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഭീകരവാദ രീതികള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഈ സിനിമ ഒരു മുന്നറിയിപ്പാണ്, അല്ലാതെ വിനോദത്തിന് വേണ്ടിയുള്ളതല്ല, സ്മൃതി ഇറാനി പറഞ്ഞു. ‘ദി കേരള സ്റ്റോറി’ കണ്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനുമാണ് ചിത്രം നിരോധിച്ചതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ആദാ ശര്‍മയാണ് നായികാ വേഷത്തിലെത്തുന്നത്. അതേസമയം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിട്ടുണ്ട്

Related Articles

Latest Articles