ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകള് ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്റെ ആക്സിലറോ മീറ്റര്‍ പോലുള്ള സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ ഭൂമികുലുക്കം തിരിച്ചറിയുക. ഇതിന്റെ അടിസ്ഥാനത്തില്‍ അറിയിപ്പ് നല്‍കും. ആന്‍ഡ്രോയിഡ് എര്‍ത്ത് ക്വേക്ക് അലേര്‍ട്ട് സിസ്റ്റം എന്ന ഈ ഫീച്ചര്‍ ഇതിനകം വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭൂമികുലുക്കത്തിന്റെ തുടക്കത്തില്‍ തന്നെ വിവരം അറിയാന്‍ സാധിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായും നാഷണല്‍ സീസ്മോളജി സെന്ററുമായും കൂടിയാലോചിച്ചതിന് ശേഷമാണ് ഗൂഗിള്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.