നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതി നാലുഘട്ടം പിന്നിട്ടതോടെ പദ്ധതി വഴി തെരഞ്ഞെടുക്കപ്പെട്ട 107 പേർ ഇതുവരെ ജർമനിയിലെത്തി . 27 സ്ഥലങ്ങളിലെ 33 സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.
മൂന്നു ഘട്ടമായി നടന്ന അഭിമുഖങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 700 പേരുടെ ജർമൻ ഭാഷാ പഠനം പുരോഗമിക്കുകയുമാണ്. നാലാംഘട്ടം അഭിമുഖവും പൂർത്തിയായപ്പോൾ 1100 ഉദ്യോഗാർഥികളെയാണ് തെരഞ്ഞെടുത്തത്.
പദ്ധതിവഴി ജർമനിയിലെത്തിയവരുടെ എണ്ണം 100 പിന്നിട്ടതിന്റെ ആഘോഷം ‘100 പ്ലസ്’ എന്ന പേരിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതവും സുരക്ഷിതവുമായ വിദേശ തൊഴിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും വിദേശത്തും നോർക്ക ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
